കെജ്രിവാളിന് ഇളവില്ല; ജൂണ്‍ 2ന് ജയിലിലേക്ക് മടങ്ങണം

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാളെത്തന്നെ (ജൂണ്‍ 2) തിഹാര്‍ ജയിലിലേക്ക് മടങ്ങണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ ജൂണ്‍ 5 ന് വിധി പറയാന്‍ ഡെല്‍ഹി റൗസ് അവന്യൂ കോടതി മാറ്റിവച്ചു.

ആരോഗ്യ കാരണങ്ങളാല്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയാണ് ഡെല്‍ഹി മുഖ്യമന്ത്രി കോടതിയെ സമീപിച്ചത്. കെജ്രിവാള്‍ രോഗിയാണെന്നും ചികില്‍സ ആവശ്യമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. നേരത്തെ സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 1 വരെ മൂന്നാഴ്ചത്തെ ജാമ്യമാണ് കര്‍ശന ഉപാധികളോടെ സുപ്രീം കോടതി കെജ്രിവാളിന് നല്‍കിയിരുന്നത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നീട്ടണമെന്ന അപേക്ഷയുമായാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്.

01-Jun-2024