ഈ അധ്യയനവർഷം ഭിന്നശേഷി സൗഹൃദമായിരിക്കും: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
ഇപ്രാവശ്യത്തെ അധ്യയനവർഷം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബന്ധതയുള്ള പ്രശ്‌നങ്ങൾ കുട്ടികൾ ഏറ്റെടുക്കുന്നുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗ്രീൻക്യാംപസ് കുട്ടികൾ ഏറ്റെടുക്കുന്ന മുദ്രാവാക്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ പാഠപുസ്തകങ്ങൾ പഠിക്കുന്ന വർഷമാണ്. 99 ശതമാനം അധ്യാപകർക്കും ട്രെയിനിങ്ങ് നൽകി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ ട്രെയിനിങ്ങ് നൽകുന്നത്. എഐ ട്രെയിനിങ്ങും 80,000ത്തോളം അധ്യാപകർക്ക് നൽകി കഴിഞ്ഞു. എല്ലാവിധത്തിലുമുള്ള തയ്യാറെടുപ്പുകളും വിദ്യാഭ്യാസ സ്ഥപനങ്ങളും തദ്ദേശവകുപ്പും പൊതുജനങ്ങളും ചേർന്ന് നടത്തിയെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ ഒരുമാസം മുൻപേ ആരംഭിച്ചതാണ്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഭാവി മുന്നിൽകണ്ട് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ വകുപ്പ് നടത്തും. കേരളത്തിലെ വിദ്യാഭ്യാസം എന്നുപറഞ്ഞാൽ ഏതെങ്കിലും സ്ഥാപനങ്ങൾ നടത്തുന്നതല്ല, ജനങ്ങൾകൂടി ഇടപെട്ട് നടത്തുന്ന ഒരു പ്രസ്ഥാനമാണ്. സോഷ്യൽ മീഡയയിൽ പങ്കുവെച്ച പാഠ പുസ്തകത്തിലെ അടുക്കള ചിത്രം കുട്ടികൾ വരച്ച ചിത്രമാണ്.
ലിംഗ നീതിയിൽ മാത്രമല്ല, ഒരു വീട്ടിലെ ജനാധിപത്യം എല്ലാവർക്കും അഭിപ്രായം പറയാനും എല്ലാവരും എല്ലാകാര്യത്തിലും പങ്കെടുക്കുക എന്ന ജനാധിപത്യ ബോധത്തെ കൂടി സൂചിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.