വോട്ടെണ്ണലിന് മുന്നേ രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാരുടെ തുറന്നകത്ത്
അഡ്മിൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മുന്നോടിയായി മുൻ ഹൈക്കോടതി ജഡ്ജിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തുറന്ന കത്തയച്ചു. വ്യവസ്ഥാപിതമായ ജനാധിപത്യ മാതൃക പിന്തുടരണമെന്നും തൂക്കുസഭ വന്നാൽ കുതിരക്കച്ചവടം തടയാൻ തിരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച മുന്നണിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നിലവിലെ ഭരണത്തിന് അധികാരം നഷ്ടപ്പെട്ടാൽ സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കി ഭരണഘടന ഉയർത്തിപ്പിടിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ജഡ്ജിമാർ ആവശ്യപ്പെട്ടു.മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ ജിഎം അക്ബര്‍ അലി, അരുണ ജഗദീശന്‍, ഡി ഹരിപരാന്തമന്‍, പി ആര്‍ ശിവകുമാര്‍, സി ടി സെല്‍വം, സി വിമല, മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജി അഞ്ജന പ്രകാശ് എന്നിവര്‍ ഒപ്പിട്ട തുറന്ന കത്താണ് രാഷ്ട്രപതിക്ക് അയച്ചത്.
ഭരണഘടനാ പ്രതിസന്ധിയുണ്ടാകാമെന്ന ആശങ്കയും അവര്‍ കത്തിലൂടെ പങ്കുവെച്ചു. മുന്‍ സിവില്‍ ഉദ്യോഗസ്ഥരുടെ ഭരണഘടനാ പെരുമാറ്റ ഗ്രൂപ്പ് (കോണ്‍സ്റ്റിറ്റിയൂഷനല്‍ കണ്ടക്ട് ഗ്രൂപ്പ്- സിസിജി) മെയ് 25ന് പുറപ്പെടുവിച്ച പ്രസ്താവനയോട് യോജിക്കുന്നുവെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.
എല്ലാ മണ്ഡലങ്ങളിലെയും ഓരോ ബൂത്തുകളിലും രേഖപ്പെടുത്തിയ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തതും, പെരുമാറ്റ ചട്ടത്തിന്റെ ഫോറം 17 (സി) പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതും, ഭരണപക്ഷത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയും നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ ചെറിയ നടപടികള്‍ മാത്രം കൈക്കൊണ്ടതും ആശങ്കയുണ്ടാക്കുന്നതായി കത്തില്‍ സൂചിപ്പിച്ചു.