റായ്ബറേലിയിൽ രാഹുൽ ഗാന്ധി; സ്മൃതി ഇറാനിക്ക് അമേഠിയില്‍ തിരിച്ചടി
അഡ്മിൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക്. 81,000 വോട്ടിന് പിന്നിലുള്ള സ്മൃതി ഇറാനി പരാജയം ഉറപ്പിച്ചുകഴിഞ്ഞു. ഗാന്ധി കുടുംബത്തിന്റെ ചരിത്രത്തില്‍ വൈകാരിക ഇടമുള്ള അമേഠി പിടിച്ചെടുത്തതിന്റെ ആഹ്ളാദ പ്രകടനത്തിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോര്‍ ലാല്‍ ആണ് ലീഡ് ചെയ്യുന്നത്. ബി.എസ്.പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്തുള്ളത്. അമേഠിയിലെ സിറ്റിങ് എംപി കൂടിയാണ് സ്മൃതി ഇറാനി. 2019 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്മൃതി സീറ്റ് പിടിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 4.13 ലക്ഷം വോട്ടായിരുന്നു ആ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേടിയത്.
അതേസമയം മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് കുതിക്കുന്ന രാഹുൽ ഗാന്ധി റായ് ബറേലിയിൽ ഒരു പുതു ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. 2,62,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.
2004 മുതൽ റായ്ബറേലിയിൽ നിന്ന് തുടർച്ചയായി ലോക്‌സഭയിലെത്തിയ സോണിയാ ഗാന്ധി 2019 ൽ നേടിയ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 1,67,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ അന്ന് വെന്നിക്കൊടി പാറിച്ചത്. അതാണിപ്പോൾ രണ്ട് ലക്ഷം എന്ന മാന്ത്രിക സംഖ്യയിൽ തൊട്ട് രാഹുൽ മറികടന്നത്. രാഹുലിന്റെ എതിരാളിയായ ബി.ജെ.പിയുടെ ദിനേശ് പ്രതാഭ് സിങ് ബഹുദൂരം പിന്നിലാണ്.