ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിഅല്ല: മന്ത്രി എം ബി രാജേഷ്

ജനാധിപത്യത്തില്‍ ഇതെല്ലാം സാധാരണമാണ്. അടിയന്തരാവസ്ഥ കാലത്ത് 20ല്‍ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടര്‍ന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു. തുടര്‍ന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചുവന്നു. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

 

ദേശീയതലത്തില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോള്‍ തൃശൂരില്‍ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തില്‍ 20 സീറ്റിലും വിജയിച്ചത് എം ബി രാജേഷ് ഓര്‍മിപ്പിച്ചു.

 

കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആറ്റിങ്ങലും ആലത്തൂരിലുമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിച്ചപ്പോള്‍ ബാക്കി സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്.

04-Jun-2024