കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ വലിയ തോൽവി പരിശോധിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ ഭീമമായി കുറഞ്ഞുവെന്നും, ഇത് ബിജെപിയിലേക്കാണ് പോയതെന്നാണ് മാധ്യമ വാർത്തകളെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ‘കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ വലിയ തോൽവി പരിശോധിക്കും.
തൃശ്ശൂരിൽ ഒരുലക്ഷത്തോളം വോട്ട് കോൺഗ്രസിന് കുറഞ്ഞു. അത്രയും വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. ഞങ്ങൾ അത് അംഗീകരിക്കുന്നു. സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തും.
സ്ഥാനാർത്ഥിനിർണയം പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കും’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ‘കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഒരു സീറ്റാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. പിന്നീട് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി അധികാരത്തിൽ വന്നു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. എങ്കിലും ഇക്കാര്യം പരിശോധിക്കും’, ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.