രാജസ്ഥാനിൽ ജയിച്ചതോടെ സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ സിപിഐഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതിനാലാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്.
എന്നാൽ ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് രാജസ്ഥാനിലെ വിജയം. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് രാജ്യത്ത് എട്ടു സീറ്റുകൾ ലഭിച്ചു . ദേശീയതലത്തിൽ സിപിഐഎം നാലു സീറ്റും സിപിഐ രണ്ടു സീറ്റും സിപിഐ എംഎൽ രണ്ടു സീറ്റും നേടി.
കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തുമാണ് സിപിഐഎം ജയിച്ചത്. സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്നാട്ടിൽ നിന്ന് രണ്ടു സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്.