യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയെ അഭിനന്ദിക്കുന്നു: ആനി രാജ
അഡ്മിൻ
വർഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാൻ കെല്പുള്ള പ്രതിപക്ഷത്തെ നൽകിയ തിരഞ്ഞെടുപ്പാണുണ്ടായതെന്ന് വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ആനി രാജ. കല്പറ്റയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. ഒരു മണ്ഡലത്തിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എങ്ങനെ മുന്നേറ്റമുണ്ടാക്കി എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അത് പരിശോധിക്കുമെന്നു കരുതുന്നു.
യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയെ അഭിനന്ദിക്കുന്നു. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം എത്തിയില്ലെങ്കിലും ആ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനായി. രാജ്യത്താകമാനം ഇന്ത്യമുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. വർഗീയ ഫാസിസത്തിന്റെ അപകടം മനസ്സിലാക്കി രാജ്യത്തെ ജനം ഇന്ത്യമുന്നണിക്ക് അനുകൂലമായി പല സംസ്ഥാനങ്ങളിലും വോട്ടുചെയ്‌തെന്നത് ആശ്വാസമുളവാക്കുന്ന കാര്യമാണ്.
വയനാട് മണ്ഡലത്തെ സംബന്ധിച്ച് സ്ഥാനാർഥിയാക്കിയ പാർട്ടിയോടും പാർട്ടി തീരുമാനം അംഗീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണിയോടും നന്ദിയുണ്ട് -ആനി രാജ പറഞ്ഞു.