പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്ര മന്ത്രിസഭയിലെ പങ്ക് സംബന്ധിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മഹാ വികാസ് അഘാഡി നേതാക്കൾ .ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ, ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പ്രതാപറാവു ജാദവ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
അതേസമയം അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് ക്യാബിനറ്റ് പദവി നൽകിയില്ല. പകരം എൻസിപിക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. ഇത് എൻസിപിയിൽ കല്ലുകടിയുണ്ടാക്കി. ഇതിനെതിരെ ശിവസേന (യുബിടി) വക്താവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. “ആരുടെയെങ്കിലും അടിമകളാകാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് ഇതാണ്,” റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി സഹമന്ത്രി സ്ഥാനം സ്വീകരിക്കുന്നില്ലെങ്കിൽ ഭാവിയിൽ ക്യാബിനറ്റ് സ്ഥാനം മറക്കണമെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു. “ബിജെപിക്ക് സഖ്യകക്ഷികൾക്കായി ഒരു യൂസ് ആൻഡ് ത്രോ നയമുണ്ടെന്ന് വൈകിയാണെങ്കിലും അജിത് പവാർ മനസ്സിലാക്കിയിരിക്കണം,” മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് വഡെറ്റിവാർ പറഞ്ഞു.
അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് അത്ഭുതമില്ലെന്ന് ബാരാമതി ലോക്‌സഭാംഗം സുപ്രിയ സുലെ പറഞ്ഞു. മൂന്നാം മോദി മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തപ്പെട്ടതോടെ എൻസിപി ഔദ്യോഗിക പക്ഷം പിളരുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ പ്രധാനസഖ്യകക്ഷിയെ അനുനയിപ്പിക്കാനുളള നീക്കം സജീവമാക്കുകയാണ് ബിജെപി.