ബിജെപി സംസ്ഥാന അധ്യക്ഷനും നേതൃത്വത്തിനുമെതിരെ ശ്രീജിത്ത് പണിക്കര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയ്ക്കായി പതിവായി വാദിക്കുന്ന വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും തമ്മില്‍ പരസ്യ പോര് മുറുകുന്നു. ചാനല്‍ ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും നേതൃത്വത്തിനുമെതിരെ ശ്രീജിത്ത് പണിക്കര്‍ കടന്നാക്രമിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രനും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

ശ്രീജിത്ത് പണിക്കരെ ആക്രി നിരീക്ഷകന്‍-കള്ളപ്പണിക്കര്‍ തുടങ്ങിയ അധിക്ഷേപങ്ങളുന്നയിച്ചാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. തൃശൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ വിജയത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം. പിന്നാലെ സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി.

തിരഞ്ഞെടുപ്പ് വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞു നിങ്ങള്‍ മാത്രമല്ല ചില ആക്രി നിരീക്ഷകന്‍മാരും, സുരേഷ്‌ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുവെന്ന്. കള്ളപ്പണിക്കര്‍മാര്‍ കുറേയുണ്ട്. ഇതുപോലെ വഞ്ചനാപരമായ നിലപാടുള്ളവരെന്നായിരുന്നു കെ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

ചാനല്‍ ചര്‍ച്ചയില്‍ സുരേഷ്‌ഗോപി സ്വപ്രയത്‌നത്താലാണ് തൃശൂരില്‍ വിജയിച്ചതെന്നും സംസ്ഥാന നേതൃത്വത്തിന് സുരേഷ്‌ഗോപിയുടെ വിജയത്തില്‍ പങ്കില്ലെന്നും ശ്രീജിത്ത് പണിക്കര്‍ വാദിച്ചിരുന്നു. അതുപോലെ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നേടിയ വോട്ടുകളിലും ബിജെപി സംസ്ഥാന നേതൃത്വത്തിന് പങ്കില്ലെന്നും ശ്രീജിത്ത് ആരോപിച്ചിരുന്നു.


ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന നേതൃത്വം കാര്യക്ഷമമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടില്ലെന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ നിലപാട്. ഇതിനെതിരെയാണ് പരസ്യമായ അധിക്ഷേപവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ കെ സുരേന്ദ്രനെതിരെ കടുത്ത ആരോപണങ്ങളുമായി ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റുമായെത്തിയത്.

സുരേന്ദ്രനെ പ്രിയപ്പെട്ട ഗണപതിവട്ടജി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചെറിയ ഉള്ളിയുടെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റ് ആരംഭിക്കുന്നത്. മകന്റെ കള്ളനിയമനത്തിലും തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണ വിവാദം-സ്ഥലപ്പേര് വിവാദം എന്നിവയിലും നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ വൈരാഗ്യമുണ്ടാകും. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ലെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ശ്രീജിത്ത് ചോദിക്കുന്നു. അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചതെന്നും ശ്രീജിത്ത് ആരോപിച്ചു.

11-Jun-2024