കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും: തോമസ് ഐസക്

'നിര്‍മ്മലാ സീതാരാമൻ വീണ്ടും ധനകാര്യ മന്ത്രിയാകുമ്ബോള്‍ കേന്ദ്ര സമീപനത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്.നിർമല ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സർക്കാരാണ് കേരള സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച്‌ ധനപ്രതിസന്ധി സൃഷ്ടിച്ചതെന്നും, അതേ നിർമ്മലാ സീതാരാമൻ വീണ്ടും ധനകാര്യ മന്ത്രിയാകുമ്ബോള്‍ കേന്ദ്ര സമീപനത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്നും തോമസ് ഐസക് ചോദിച്ചു.

യുഡിഎഫിന്റെ പൂർണ പിന്തുണയോടെയാണ് കേരളത്തിനെതിരായ ഈ സാമ്ബത്തിക ഉപരോധം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയതെന്നും ഐസക്ക് പറഞ്ഞു. കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിന്റെ ധനകാര്യത്തെക്കുറിപ്പും കടഭാരത്തെക്കുറിച്ചും യുഡിഎഫും മാദ്ധ്യമങ്ങളും ചില പണ്ഡിതന്മാരും സൃഷ്ടിച്ചിട്ടുള്ള പൊതുബോധ്യത്തെ പൊളിച്ചടുക്കേണ്ടതുണ്ട്.

റോഡുകള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വ്യവസായ പാർക്കുകള്‍ തുടങ്ങി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്യാദൃശ്യമായ വികസന പ്രവർത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിയിരുന്നില്ല, അവയൊക്കെ അടുത്തൊരു കാല്‍നൂറ്റാണ്ടുകൊണ്ട് പണിതാല്‍ മതിയായിരുന്നോയെന്ന ചോദ്യമാണ് അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ മുന്നില്‍ ഉയർത്തേണ്ടത്.

ഈ പ്രക്ഷോഭ പ്രചാരണം നടത്തുന്നതിനോടൊപ്പം ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുൻഗണനകളും നിശ്ചയിക്കേണ്ടതുണ്ടെന്നും ഐസക് ഫേസ്‌ബുക്കില്‍ കുറിച്ചു.

11-Jun-2024