മനുസ്മൃതിയുടെ പകർപ്പ് കത്തിച്ച് അംബേദ്കറുടെ കൊച്ചുമകൻ

മനുസ്മൃതിയുടെ പകർപ്പ് റിപ്പബ്ലിക്കൻ സേന നേതാവും ഭരണഘടനാ ശിൽപി ഡോ.അംബേദ്കറുടെ കൊച്ചുമകനുമായ ആനന്ദ്‌രാജ് അംബേദ്കർ കത്തിച്ചു. മനുസ്മൃതിയുടെ ഭാഗങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതിനാണ് ആനന്ദ്‌രാജിന്റെ ഈ പ്രതിഷേധം.

ദലിത് പാർട്ടിയായ വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കറുടെ സഹോദരനാണ് ആനന്ദ്‌രാജ് അംബേദ്കർ. മഹാരാഷ്ട്രയിൽ കൊങ്കണിലെ റായ്ഗഡ് ജില്ലയിൽ മഹാഡിലെ ക്രാന്തി സ്തംഭത്തിൽ ഒത്തുകൂടിയാണു പ്രതിഷേധം സംഘടിപ്പിച്ചത്. മനുസ്മൃതിയുടെ ഭാഗങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം കനത്ത പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു.

11-Jun-2024