സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും കുടിശിക ആയത് തിരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായതെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ വലിയ തോതില്‍ തെറ്റിദ്ധാരണ പരത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ പ്രതിപക്ഷത്തിനു കഴിഞ്ഞു. അതു തിരുത്താന്‍ തങ്ങള്‍ക്കു കഴിഞ്ഞില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
”കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം സംസ്ഥാനത്തിനുമേല്‍ വളരെ ശക്തമായിരുന്നു. സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തെ ജനങ്ങളെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്നുള്ള യാഥാര്‍ഥ്യം ജനങ്ങളില്‍ എത്താതിരിക്കാന്‍ പാകത്തില്‍ കനത്ത തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചു.
”സര്‍ക്കാര്‍ ജീവനക്കാരുടെ 19% ഡിഎ കുടിശിക കൊടുക്കാതിരുന്നത് അവരുടെ മനസില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കി. തങ്ങള്‍ക്കു കിട്ടാനുള്ള ആനുകൂല്യം കിട്ടാതിരുന്നത് വ്യക്തിപരമായി അവരെ സ്വാധീനിച്ചിട്ടുണ്ടാകും.
സാമൂഹ്യക്ഷേമപെന്‍ഷന്‍ കുടിശിക വന്നതു സംബന്ധിച്ചും വലിയ തെറ്റിദ്ധാരണ പടര്‍ത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. അതു മാറ്റാന്‍ എല്‍ഡിഎഫിനു കഴിഞ്ഞില്ല. ഇപ്പോള്‍ അതെല്ലാം മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്” – കടകംപള്ളി വ്യക്തമാക്കി.