പോരാളി ഷാജി സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണം: എം വി ജയരാജന്‍
അഡ്മിൻ
സോഷ്യൽ മീഡിയയിലെ പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇടതുഗ്രൂപ്പുകൡ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറിയെന്ന് എം വി ജയരാജന്‍ ആരോപിച്ചു.
ഇടതുപേജുകളുടെ പേരുകളില്‍ വരുന്ന പോസ്റ്റുകള്‍ പൂര്‍ണമായും ശരിയാണോ എന്ന് പരിശോധിക്കണമെന്ന് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്ന് എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പ്രൊഫൈലും, നുഴഞ്ഞുകയറ്റവും കരുതിയിരിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയതെന്ന് എം വി ജയരാജന്‍ പറയുന്നു.
പോരാളി ഷാജിയുടെ പേരില്‍ പല പ്രൊഫൈലുകളാണുള്ളത്. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാര്‍ഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിന്‍ ധൈര്യസമേതം സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണം. ഇടത് പേരുള്ള വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വ്യക്തിഹത്യ ഉള്‍പ്പെടെ നടത്തുകയാണ്. ഇടതുവിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ പ്രതികരണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും എം വി ജയരാജന്‍ കൂട്ടിച്ചേർത്തു.