കുവൈത്തിലേക്കു പോകാൻ അനുമതി നിഷേധിച്ചതിനെ വിമർശിച്ച് വീണാ ജോർജ്

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കുവൈത്തിലേക്കു പോകാൻ കേന്ദ്ര സർക്കാർ അവസാന നിമിഷം അനുമതി നിഷേധിച്ചതിനെ വിമർശിച്ച് മന്ത്രി വീണാ ജോർജ്. കേരളത്തോട് ഇതു വേണ്ടായിരുന്നെന്നും വിമാനടിക്കറ്റ് ഉൾപ്പെടെ വച്ചാണ് അപേക്ഷ നൽകിയിരുന്നതെന്നും വീണാ ജോർജ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 9.40നുള്ള വിമാനത്തിൽ പോകാൻ നെടുമ്പാശേരിയിൽ എത്തിയെങ്കിലും യാത്രയ്ക്കു കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ ഒൻപതരയോടെ മന്ത്രി ഗെസ്റ്റ് ഹൗസിലേക്കു മടങ്ങുകയായിരുന്നു.

‘‘കുവൈത്തിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ കേരളത്തിൽനിന്നുള്ളവരാണ് ഏറ്റവുമധികം മരിച്ചത്. ഇന്ത്യക്കാരിൽ പകുതിയിലേറെയും മരണപ്പെട്ടതു മലയാളികളാണ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും നമ്മുടെ ആളുകളാണ്. അവർക്കൊപ്പം നിൽക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനുമാണു പ്രതിനിധിയെ അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ആദ്യമായിട്ടല്ലല്ലോ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്. കണ്ണീരിന്റെ മുഖത്ത്, ദുഃഖത്തിൽ ഇടപെടുന്നതിനാണു സംസ്ഥാനം പ്രതിനിധിയെ അയയ്ക്കാൻ തീരുമാനിച്ചത്.

ഒരു ദുരന്തത്തിൽ കേരളത്തോട് ഇതു വേണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കുവൈത്തിൽ ഉണ്ടാകുമ്പോൾ അതിന്റെ ഗുണങ്ങൾ നമുക്കുണ്ടാകും. ആളുകളുടെ ചെറുതും വലുതുമായ ആവശ്യങ്ങളിൽ സഹായിക്കാൻ സാധിക്കും. പല കാര്യങ്ങളിലും ഇടപെടാനും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാനും പറ്റും.

മോർച്ചറിയുടെ ഭാഗത്തുനിന്ന് എല്ലാവരെയും പൊലീസ് മാറ്റുകയാണെന്നാണു വ്യാഴാഴ്ച രാത്രി നമ്മുടെ ആളുകൾ പറഞ്ഞത്. ആ രാജ്യത്തിന് അവരുടേതായ നിയമങ്ങളും മറ്റുമുണ്ടാകും. എന്നാൽ, നമ്മുടെ ആളുകൾക്ക് ആവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് വേഗത്തിൽ നടപടിയെടുക്കാൻ സംസ്ഥാന പ്രതിനിധിയുണ്ടെങ്കിൽ സാധിക്കുമായിരുന്നു.

വിമാനടിക്കറ്റ് ഉൾപ്പെടെ വച്ചാണു കേന്ദ്രത്തിന് അപേക്ഷ നൽകിയത്. എന്നിട്ടും യാത്രാനുമതി നൽകിയില്ല. മൃതദേഹങ്ങൾ ഏറ്റുവാങ്ങി വീടുകളിലെത്തിച്ച ശേഷം ഇനി കുവൈത്തിലേക്കു പോകേണ്ടതുണ്ടോ എന്നു പിന്നീട് തീരുമാനിക്കും. വിമാനത്താവളത്തിൽ വരാൻ സാധിക്കാത്ത ബന്ധുക്കളുണ്ട്. അവരുടെ വീടുകളിലേക്കും മൃതദേഹം എത്തിക്കാൻ സൗകര്യമൊരുക്കി.

മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കണമെന്നു പറഞ്ഞവർക്ക് അതിനനുസരിച്ചു ക്രമീകരണം ചെയ്തിട്ടുണ്ട്. പരുക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണ്. മൂന്നുനാല് ആശുപത്രികളിലാണ് ഇവരുള്ളത്. ഐസിയുവിൽ 7 പേർ ചികിത്സയിലുണ്ട്. പരുക്കേറ്റവരുടെ ഔദ്യോഗികമായ കണക്ക് എംബസിയിൽനിന്നു ലഭ്യമായിട്ടില്ല.’’

14-Jun-2024