എംഎസ്എഫിനെ പിന്തിരിപ്പിക്കാന്‍ മുസ്ലിം ലീഗ് തയ്യാറാകണം ; മന്ത്രി: വി ശിവന്‍കുട്ടി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. എംഎസ്എഫിനെ പിന്തിരിപ്പിക്കാന്‍ മുസ്ലിം ലീഗ് തയ്യാറാകണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ എംഎസ്എഫിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചിരുന്നു.

ഉപരോധ സമരം സംഘര്‍ഷഭരിതമാവുകയും ഫര്‍ണിച്ചര്‍ അടക്കം തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. ഉപരോധ സമരത്തില്‍ പങ്കെടുത്ത എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ള 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അസഭ്യം പറയല്‍ തുടങ്ങി 10 വകുപ്പുകളിലായാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. സമരത്തിനിടെ 25000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി എന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തി.

മലപ്പുറം ആര്‍ഡിഡി ഓഫീസില്‍ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി മന്ത്രി പറഞ്ഞു. എംഎസ്എഫിന്റെ നടപടി പ്രതിക്ഷേധാര്‍ഹമാണ്. മൂന്ന് അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും സീറ്റുകള്‍ കുറവുണ്ടെങ്കില്‍ പരിഹരിക്കും. ഇത് നിയമസഭയില്‍ തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാല്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാകും മുന്‍പ് തന്നെ എംഎസ്എഫ് കലാപം സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

15-Jun-2024