ലോക്‌സഭയിലെ സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് എന്‍ഡിഎയില്‍ തര്‍ക്കമെന്നു സൂചന. ബിജെപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നു നിതീഷ് കുമാറിന്റെ ജെഡിയൂ തീരുമാനമെടുത്തപ്പോള്‍, എല്ലാവരുടെയും അംഗീകാരം തേടിവേണം സ്ഥാനാര്‍ഥിയെ തീരുമാനിക്കാനെന്നാണ് എന്‍. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ നിലപാട്
ടിഡിപിയും ജെഡിയുവും എന്‍ഡിഎ ഘടകകക്ഷികളാണെന്നും ബിജെപി നാമനിര്‍ദേശം ചെയ്യുന്ന സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നുമാണ് ജെഡിയു നേതാവ് കെ.സി. ത്യാഗി ശനിയാഴ്ച അറിയിച്ചത്.
ലോക്‌സഭയിലെ ഭൂരിപക്ഷമായ 272ല്‍ 240 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്കു നേടിയത്. അതുകൊണ്ടുതന്നെ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ബിജെപിക്ക് കഴിയില്ല. ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ജെഡിയുവിനെയോ ടിഡിപിയെയോ പരിഗണിക്കണമെന്ന് ഇന്ത്യാ സഖ്യത്തിലെ എഎപി ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു.
ബിജെപിക്ക് സ്പീക്കര്‍ പദവി കിട്ടിയാല്‍ ജെഡിയുവില്‍നിന്നും ടിഡിപിയില്‍നിന്നും എംപിമാരെ കുതിരക്കച്ചടവം നടത്തി പാര്‍ട്ടിയിലേക്കു മാറ്റുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ പല വകുപ്പുകളും സഖ്യകക്ഷികള്‍ക്കു ലഭിച്ചിട്ടുണ്ടെങ്കിലും പ്രധാന വകുപ്പുകള്‍ ബിജെപിയുടെ കൈവശം തന്നെയിരിക്കുകയാണ്. ജൂണ്‍ 24നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി ലോക്‌സഭ ചേരുന്നത്. 26നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.