എന്‍സിഇആര്‍ടി പുസ്തകങ്ങളിലെ മുഖ്യഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണം: യോഗേന്ദ്ര യാദവ്

തുക്കിയ പാഠപുസ്തകത്തില്‍ നിന്നും പേരൊഴിവാക്കണമെന്ന് എന്‍സിഇആര്‍ടിയോട് വിദ്യാഭ്യാസ വിദഗ്ദന്‍ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. 9,10,11,12 ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളിലെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണമെന്നാണ് ആവശ്യം. യോഗേന്ദ്ര യാദവും സുഹാസ് പല്‍ഷികറും സംയുക്തമായാണ് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പേരെടുത്തു കളഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്. ഒരു വര്‍ഷം മുന്നേ തന്നെ ആവശ്യമുന്നയിച്ച് എന്‍സിആര്‍ടിക്ക് സന്ദേശം അയച്ചിരുന്നു. പുതിയ പുസ്തകത്തിലും പേര് ചേര്‍ത്തതോടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പുസ്തകത്തിന്റെ ആത്മാവിനെ തന്നെ ചോര്‍ത്തിക്കളയും വിധമാണ് പുതിയ പരിഷ്‌കരണങ്ങളെന്നും ആക്ഷേപമുണ്ട്.

പുതുക്കിയ 12ആം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ഏറെ വിവാദമായ മാറ്റങ്ങള്‍ എന്‍സിഇആര്‍ടി വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദ് എന്ന് പുതിയ പുസ്തകത്തില്‍ എവിടേയും പരാമര്‍ശിക്കാതെയാണ് മാറ്റം കൊണ്ടു വന്നത്.

മുന്‍പ് നാല് പേജുകളിലോളം വിവരിച്ച അയോധ്യ സംഭവങ്ങള്‍ രണ്ട് പേജുകളിലേക്ക് വെട്ടിച്ചുരുക്കി. ബാബരി മസ്ദജിദ് തകര്‍ത്ത സംഭവം പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ചുരുക്കി പകരം രാമജന്മഭൂമി പ്രക്ഷോഭത്തിനാണ് പുസ്തകത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

18-Jun-2024