നീറ്റ് ക്രമക്കേടിൽ കേന്ദ്രത്തിനെതിരേ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയിലുണ്ടാകുന്ന നേരിയ അശ്രദ്ധപോലും ഗൗരവതരമാണെന്നു ചൂണ്ടിക്കാണിച്ച കോടതി വീഴ്ച സമയബന്ധിതമായി പരിഹരിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും നോട്ടീസ് അയച്ചു. പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിച്ച കോടതി കടുത്ത നിലപാടാണ് സ്വീകരിച്ചത്.

കഠിനാധ്വാനം ചെയ്താണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കുറ്റമറ്റതായി പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ''തെറ്റു സംഭവിച്ചാല്‍ അത് സമ്മതിക്കാനുള്ള ഉത്തരവാദിത്തം ടെസ്റ്റിങ് ഏജന്‍സി കാണിക്കണം. തെറ്റു പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. അത് വിദ്യാര്‍ഥികള്‍ക്കും ഏജന്‍സിക്കും ആത്മവിശ്വാസം നല്‍കും.

ഇത്തരം ഉത്തരവാദിത്തപൂര്‍ണമായ നടപടിയാണ് ഏജന്‍സിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്'' -ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ് വി ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. തട്ടിപ്പ് നടത്തി ഡോക്ടറാകുന്നവര്‍ സമൂഹത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്നും ബെഞ്ച് പറഞ്ഞു. ഇതിനിടെ ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം അറിയിച്ചു.

ചോദ്യപേപ്പര്‍ പരീക്ഷയുടെ തലേന്ന് കിട്ടിയെന്നും അതിനായി ലക്ഷങ്ങള്‍ നല്‍കിയെന്നും അറസ്റ്റിലായ വിദ്യാര്‍ഥികള്‍ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമ്മതിച്ചിരുന്നു. സൂപ്രീംകോടതി നിര്‍ദേശ പ്രകാരം 1,563 ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവു നല്‍കിയ മന്ത്രി രണ്ടിടത്ത് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതായും വ്യക്തമാക്കിയിരുന്നു.

സംഭവിച്ച വീഴ്ച ഗൗരവത്തോടെയാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പ് നല്‍കുന്നതായി മന്ത്രി പറഞ്ഞു. എന്‍ടിഎയുടെ ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലും നടപടി സ്വീകരിക്കും. എന്‍ടിഎയില്‍ ധാരാളം മാറ്റങ്ങള്‍ അനിവാര്യമാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ഒരു കുറ്റവാളിയേയും വെറുതെ വിടില്ല. എല്ലാവര്‍ക്കും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ രംഗത്തുവന്നു. ''രാജ്യത്തെ പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സർക്കാർ തയാറാകണം'' -മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

18-Jun-2024