മന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമെന്ന് കത്തിൽ മുഖ്യമന്ത്രി പറ‍യുന്നു.

ഭാവിയിൽ ഇത്തരം ആവശ്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ‌ ചൂണ്ടിക്കാട്ടി.ഒരു ദുരന്ത മുഖത്ത് വേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനമാണ്.മന്ത്രി വീണക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലുമായിരുന്നു കേന്ദ്രസർക്കാർ. രേഖാമൂലമുള്ള മറുപടിയിൽ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.

അതേസമയം, സംസ്ഥാന മന്ത്രി സഭ ചേർന്ന് ആരോഗ്യ മന്ത്രിയെ കുവൈറ്റിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു.എന്നാൽ കേന്ദ്രം പൊളിറ്റിക്കൽ ക്ലയറൻസ് നൽകിയില്ല. ആരോഗ്യമന്ത്രി കുവൈറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കേന്ദ്രം യാത്രാനുമതി നിഷേധിച്ചത്.

19-Jun-2024