കെ രാധാകൃഷ്ണന്റെ വകുപ്പുകള്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി
അഡ്മിൻ
കെ രാധാകൃഷ്ണന് മന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി.കെ രാധാകൃഷ്ണന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ചത്.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഇന്നലെ പട്ടിക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ഉത്തരവില്‍ രാധാകൃഷ്ണന് ഒപ്പിട്ടിരുന്നു.കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കും. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പേരുമാറ്റാനുളള നിര്‍ദ്ദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.