ഫ്രഞ്ച് മാധ്യമപ്രവർത്തകനെ പുറത്താക്കി കേന്ദ്ര സർക്കാർ

രാജ്യത്ത് നിന്ന് മറ്റൊരു ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെക്കൂടി പുറത്താക്കി കേന്ദ്രസര്‍ക്കാര്‍. റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍, റേഡിയോ ഫ്രാന്‍സ്, ലിബറേഷന്‍, സ്വിസ്, ബെല്‍ജിയന്‍ പബ്ലിക് എന്നീ റേഡിയോകളുടെ ദക്ഷിണേഷ്യന്‍ കറസ്പോണ്ടന്റ് ആയി ജോലി ചെയ്തുവരികയായിരുന്ന സെബാസ്റ്റ്യന്‍ ഫാര്‍സിനെയാണ് പുറത്താക്കിയത്.

കഴിഞ്ഞ നാലുമാസത്തിനിടെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുന്ന രണ്ടാമത്തെ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. 2024 ഫെബ്രുവരിയിൽ വനേസ ഡൗഗ്നക് എന്ന ഫ്രഞ്ച് മാധ്യമപ്രവർത്തകനും നിയമപരമായ അനുമതി റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യ വിടേണ്ടി വന്നിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ (എംഎച്ച്എ) അനുമതിയോടെയാണ് ഇതുവരെ സെബാസ്റ്റ്യൻ ഫാർസി ഇന്ത്യയിൽ പത്രപ്രവർത്തകനായി ജോലി ചെയ്തത്.

അദ്ദേഹത്തിന്റെ പങ്കാളി ഇന്ത്യൻ പൗര ആയതിനാൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡും കൈവശമുണ്ടായിരുന്നു. എന്നാൽ 2021 മുതൽ ഒസിഐ ഉടമകൾ ഇന്ത്യയിൽ പത്രപ്രവർത്തകരായി പ്രവർത്തിക്കാൻ അനുമതി വേണമെന്ന നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നിരുന്നു. മാർച്ച് ഏഴിന് മാധ്യമപ്രവർത്തകരുടെ പെർമിറ്റ് പുതുക്കാനുള്ള അപേക്ഷ സെബാസ്റ്റ്യൻ നൽകിയിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിക്കുകയായിരുന്നു.

മന്ത്രാലയത്തിന് നിരവധി തവണ അഭ്യർത്ഥന നടത്തിയെങ്കിലും തന്റെ തൊഴിലിനെ തടയുന്ന നീക്കത്തെ ന്യായീകരിക്കാൻ കാരണമൊന്നും ബോധിപ്പിച്ചിട്ടില്ലെന്നും സെബാസ്റ്റ്യൻ ഫാർസി ആരോപിച്ചു. അപ്പീൽ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ അതിർത്തി മേഖലകളിൽ വരെ റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകിയ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ഞെട്ടിക്കുന്നതാണെന്നും സെബാസ്റ്റ്യൻ ഫാർസി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പായ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൻ്റെ തലേന്നാണ് തന്റെ അനുമതി നിഷേധിക്കപ്പെട്ട കാര്യം അറിയിക്കുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കവർ ചെയ്യാൻ കഴിഞ്ഞില്ല. സെബാസ്റ്റ്യൻ ഫാർസിസിന്റെ മാധ്യമപ്രവർത്തന അനുമതി പുതുക്കി നൽകണമെന്ന് ഇന്റർനാഷണൽ ജേണലിസം വാച്ച്‌ഡോഗ് കമ്മിറ്റി ടു പ്രൊജക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) ആവശ്യപ്പെട്ടു.

ഈ വർഷമാദ്യം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം വിദേശ ലേഖകനായി സേവനമനുഷ്ഠിച്ച വനേസ ഡഗ്നാക്, റിപ്പോർട്ടിങ്ങിനെക്കുറിച്ചുള്ള ആശങ്കകളുടെ പേരിൽ പുറത്താക്കപ്പെട്ടിരുന്നു. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്എഫ്) മെയ് മാസത്തിൽ പുറത്തിറക്കിയ 2024ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് പ്രകാരം, ഇന്ത്യ 159-ാം സ്ഥാനത്താണ്.

20-Jun-2024