യുദ്ധം നിർത്തുന്ന മോദിക്ക് ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിയുന്നില്ല: രാഹുൽ ഗാന്ധി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്ന് നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യത്ത് നിർത്താതെ ചോദ്യപേപ്പർ ചോരുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ നിരവധി യുവാക്കൾ ഇന്ത്യയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടാകുന്നുവെന്ന്‌ പരാതി പറഞ്ഞു.

യുദ്ധങ്ങൾ നിർത്തുന്ന നരേന്ദ്രമോദിക്ക് ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചടക്കാൻ മുന്നിൽ നിൽക്കുന്നത് മോദിയാണ്. ചില സംഘടനകളെ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയാണ് ബിജെപിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഇത് രാജ്യദ്രോഹ പ്രവർത്തനമാണ്. ഒരു പരീക്ഷ റദ്ദാക്കി, ഇതിന്റെ കുറ്റക്കാരെ പിടികൂടണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ചോദ്യപേപ്പർ ചോർച്ച തടയാൻ എന്തെല്ലാം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് പറഞ്ഞിട്ടുണ്ട്. ഇത് സർക്കാരിനെക്കൊണ്ട് നടപ്പാക്കാൻ ശ്രമം തുടരും.

യോഗ്യത മാനദണ്ഡമാക്കാതെ പ്രത്യയശാസ്ത്രം നോക്കി ജോലി നൽകിയാൽ ഇങ്ങനെ സംഭവിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന ഇത്തരം കാര്യങ്ങൾ പ്രതിപക്ഷം അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചൊന്നും പ്രധാനമന്ത്രി ചിന്തിക്കുന്നില്ല. സ്പീക്കർ ചർച്ചയിലാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധ. വാജ്പേയ്, മൻമോഹൻ സിങ് എന്നിവരായിരുന്നെങ്കിൽ ഇതിനെ മറികടക്കാൻ നടപടി ഉണ്ടായേനെ. ഇന്ത്യയിലെ പ്രതിപക്ഷം ശക്തമാണ്. മോദിയുടെ ആശയം എല്ലാവരെയും ഭയപ്പെടുത്തി നിർത്തുക എന്നതായിരുന്നു. എന്നാൽ ഇപ്പോൾ മോദിയെ ആരും ഭയക്കുന്നില്ല.

പ്രതിപക്ഷം നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്തും. പ്രധാനമന്ത്രി മാനസികമായി തകർന്നിരിക്കുകയാണ്. എല്ലാവരെയും ഭയപ്പെടുത്തുകയാണ് മോദിയുടെ അജണ്ട, എന്നാൽ വാരാണസിയിൽ മോദിക്ക് നേരെ ചെരിപ്പ് എറിഞ്ഞത് എല്ലാവരും കണ്ടു. മോദിയുടെ നെഞ്ചളവ് കുറഞ്ഞുവെന്നും രാഹുൽ പരിഹസിച്ചു.

20-Jun-2024