അയോധ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി

അയോധ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു. പ്രത്യേക ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള പ്രത്യേക ബസ് സര്‍വീസ് റദ്ദാക്കിയതുമെല്ലാം യാത്രക്കാരുടെ കുറവ് മൂലമെന്നാണ് സൂചന.

ആവശ്യക്കാര്‍ കുറഞ്ഞതോടെ സ്പൈസ് ജെറ്റാണ് ആദ്യമായി ഹൈദരാബാദ്, ബെംഗളൂരു, പട്ന എന്നിവിടങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത്. സര്‍വീസ് ആരംഭിച്ച് രണ്ട് മാസത്തിനിപ്പുറമാണ് തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസം എന്ന നിലയില്‍ ഏപ്രില്‍ മാസത്തിലാണ് സ്പൈസ് ജെറ്റ് ഹൈദരാബില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്.

ജൂണ്‍ ഒന്നിനാണ് ഏറ്റവും ഒടുവിലത്തെ സര്‍വീസ് നടത്തിയത്. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അയോധ്യയിലേക്കുള്ള പ്രത്യേക സര്‍വീസ് റെയില്‍വേയും നിര്‍ത്തി. ആവശ്യക്കാര്‍ കുറഞ്ഞതോടെ ആസ്ത പ്രത്യേക ട്രെയിനുകളാണ് മുടങ്ങിയത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള ബസ് സര്‍വീസുകളും റദ്ദാക്കി. നേരത്തെ 396 ബസുകള്‍ വരെ സര്‍വീസ് നടത്തിയ ഇടത്ത് ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ഓരോ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

25-Jun-2024