ജീവനക്കാരുടെ റീൽസ് വിവാദം; ശിക്ഷാനടപടി ഇല്ലെന്ന് മന്ത്രി എം ബി രാജേഷ്
അഡ്മിൻ
തിരുവല്ല നഗരസഭയിൽ ജീവനക്കാർ റീൽ ചെയ്ത സംഭവത്തിൽ ശിക്ഷാനടപടി ഇല്ലെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. ജീവനക്കാർ റീൽ ചെയ്തത് അവധി ദിനത്തിലാണെന്നും ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചതെന്ന് മനസ്സിലായെന്നും മന്ത്രി പറഞ്ഞു. ആവശ്യഘട്ടങ്ങളിൽ സേവന സജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്ക് എത്തുന്ന ജീവനക്കാരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലായതായി മന്ത്രി എംബി രാജേഷ് പറഞ്ഞു.
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.