വിഎച്ച്പിയുടെ ഹർജി തള്ളണമെന്ന് കേരളം

ശബരിമല തീർഥാടകർക്ക് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ.നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള റൂട്ടിൽ ബസ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ശങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്നാണ് ബസുകൾ സർവീസ് നടത്തുന്നത്.

ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും ആവശ്യത്തിന് ബസുകൾ ഇല്ലെന്നുമുള്ള വാദം തെറ്റാണ്. സർക്കാർ ഉത്തരവ് പ്രകാരമാണ് പ്രത്യേക നിരക്ക് ഈടാക്കുന്നത്. 20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സ്കീം നിലവിൽ സംസ്ഥാനത്ത് ഇല്ല. ഇത്തരത്തിൽ സർവീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

08-Jul-2024