സ്കൂളുകളിലെ അനധികൃത പണപ്പിരിവ് ; കർശന നടപടിയുണ്ടാകും: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
സ്കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും.
സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡി ഇ ഒ - മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അടക്കം വിദ്യാഭ്യാസ സൂചികകളിൽ കേരളം പ്രഥമ ശ്രേണിയിലാണ്. വിദ്യാഭ്യാസ രംഗത്തെ ആധുനിക സാങ്കേതിക വിദ്യയുമായി ഉൾച്ചേർക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.
ഇങ്ങിനെയുള്ള വിദ്യാഭ്യാസ വികസനങ്ങളിലൂടെ കടന്നു പോകുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മുകളിൽ കരിനിഴൽ വീഴ്ത്തുന്നതാണ് രക്ഷിതാക്കൾ ഉന്നയിക്കുന്ന അനധികൃത പണപ്പിരിവ് സംബന്ധിച്ച പരാതികൾ. ഏത് സ്കൂൾ ആണെങ്കിലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.