തമിഴ്നാട്ടിൽ ഉദനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ
അഡ്മിൻ
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 22ന് മുമ്പ് ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യുവജനക്ഷേമ കായിക മന്ത്രിയാണ് ഉദയനിധി. ഉദയനിധിയുടെ പിതാവും ഇപ്പോള്‍ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും സമാനമായ തരത്തില്‍ മുന്‍പ് ഉപമുഖ്യമന്ത്രിയായിരുന്നു.
2006-11 കാലയളവിലായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രിയായ എം കരുണാനിധി മകന് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. സർക്കാരിൽ ആധിപത്യം ഉറപ്പിക്കാനും ഭരണത്തിൽ സ്റ്റാലിനെ സഹായിക്കാനുമാണ് സ്ഥാനക്കയറ്റമെന്നാണ് റിപ്പോർട്ടുകൾ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രധാന മുഖമായി ഉദയനിധിയെ മാറ്റാനും പാർട്ടി ലക്ഷ്യമിടുന്നു.
നേരത്തെ തന്നെ ഉദയനിധി ഉപ മുഖ്യമന്ത്രിയാകുമെന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്റ്റാലിൻ അന്ന് റിപ്പോർട്ടുകൾ തള്ളി. സ്റ്റാലിൻ ഓഗസ്റ്റ് 22നു അമേരിക്കയിലേക്കു പോകും. അതിനു മുൻപായി തന്നെ ഉദയനിധി ഉപ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് വിവരം.