വയനാട് ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളിൽ പോവാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കും.

മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സർക്കാർ ചെലവിൽ കണ്ടെത്തി നൽകും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സർക്കാർ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. ഈ ഘട്ടത്തിൽ താത്ക്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കും.

സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാൻസിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങൾ ഒരുക്കും. സമ്പൂർണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ വിദഗ്ധ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകിയിട്ടുണ്ട്. നിലവിൽ 136 കൗൺസിലർമാരുടെ സേവനമാണ് വിവിധ ക്യാമ്പുകളിലായി നൽകുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ദുരന്തസന്ദർഭത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ക്യാമ്പുകളിൽ കഴിയുന്നവരിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.

പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി വ്യത്യസ്ത ടീമുകൾ ദുരന്തബാധിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രദേശിക വിവരശേഖരണം അവസാന ഘട്ടത്തിലാണ്. ദുരന്തം നടന്ന പ്രദേശങ്ങളിൽ ദേശീയ മന്ത്രിസഭാ ടീമുകൾ പരിശോധന നടത്താൻ എത്തുമെന്നും ഇവർക്കാവശ്യമായ മുഴുവൻ വിവരങ്ങളും കൈമാറിയതായും മന്ത്രിസഭ ഉപസമിതി പറഞ്ഞു.

ഇതിനു പുറമെ, ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികൾ സൂക്ഷ്മമായി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ജിയോളജി, ഹൈഡ്രോളജി, സോയിൽ കൺസർവേഷൻ പ്രതിനിധികൾ, ഹസാഡ് അനലിസ്റ്റ് എന്നീ നാലു വിഭാഗത്തിൽ നിന്നുള്ളവർ ഉൾപ്പെട്ടതായിരിക്കും സമിതി.

നിലവിൽ കാണാതായ138 പേരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോധനയും രക്തസാമ്പിളിന്റെ ശേഖരണവും പൂർത്തിയാകുന്നതോടെ കാണാതായവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. ഇവിടെയുണ്ടായതിനേക്കാൾ ജീവഹാനി കുറഞ്ഞ ദുരന്തങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ച് ഫണ്ട് നൽകിയ ചരിത്രമുണ്ടെന്നും അതിന് സമാനമായ ഫണ്ടെങ്കിലും വയനാട് ദുരന്തത്തിന്റെ കാര്യത്തിൽ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

മഹാദുരന്തത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ടുപോകുന്നതെന്നും ദുരിതബാധിതരുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ മന്ത്രിസഭാ ഉപസമിതിയിലെ മറ്റു അംഗങ്ങളായ എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർപങ്കെടുത്തു

08-Aug-2024