ജാവലിൻ ; നീരജ് ചോപ്രക്ക് വെള്ളി; പാക് താരം അര്‍ഷാദ് നദീമിന് റെക്കോഡോടെ സ്വര്‍ണം
അഡ്മിൻ
പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രക്ക് വെള്ളിമെഡല്‍. ജാവലിന്‍ ത്രോയില്‍ 89.45 മീറ്റര്‍ ദൂരം എറിഞ്ഞാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡല്‍ നേട്ടത്തിലെത്തിയത്. ടോക്കിയോയില്‍ സ്വര്‍ണം നേടിയ നീരജിന് പാരീസില്‍ സ്വര്‍ണതിളക്കമുള്ള വെള്ളിയാണ് നേടാനായത്.
ഒളിമ്പിക്സ് റെക്കോര്‍ഡ് തകര്‍ത്ത പ്രകടനം നടത്തിയ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമിനാണ് സ്വര്‍ണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്. ഗ്രാനഡയുടെ ആന്‍ഡേഴ്സണാണ് വെങ്കലം. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു പാക് താരം വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക് മെഡല്‍ നേടുന്നത്. വ്യക്തിഗത ഇനത്തിലെ പാകിസ്ഥാന്റെ ആദ്യ സ്വര്‍ണവുമാണ്. മെഡല്‍ നേട്ടത്തോടെ ഇന്ത്യക്കായി രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമായി നീരജ് മാറി.
ആദ്യ ശ്രമം ഫൗളായ പാക് താരം അര്‍ഷാദ് നദീം രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോര്‍ഡ് സ്വന്തമാക്കി. 2008ല്‍ ബെയ്ജിങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡന്‍ കുറിച്ച 90.57 മീറ്ററിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജീന് എറിയാനായത്. മറ്റു അഞ്ച് ശ്രമങ്ങളും ഫൗളില്‍ കലാശിച്ചു.