മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം'; സുപ്രീംകോടതിയിൽ ഹർജി
അഡ്മിൻ
മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ പുതിയ ഹർജി. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുമ്പാറയാണ് ഹർജി നൽകിയത്.2006ലെയും 2014ലെയും വിധികൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അണക്കെട്ടിൽ കേരളത്തിന് അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു.മുൻ വിധികൾ നിയമപരമായി തെറ്റാണെന്ന വാദവും ഹർജിക്കാരൻ ഉന്നയിക്കുന്നു.
വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജണൽ ചീഫ് എൻജിനീയർ എസ് രമേശിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കേരളത്തിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പരിശോധിക്കുന്നതിനും തമിഴ്നാട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിനുമായിരുന്നു സന്ദർശനം.