രാജ്യം വിടും മുൻപ് അരുൺ ജെയ്റ്റിലിയെ കണ്ടെന്ന് വിജയ് മല്യ
അഡ്മിൻ
ഇംഗ്ലണ്ട് : രാജ്യം വിടുന്നതിന് മുമ്പ് താന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. മുന്‍ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റലിക്കെതിരായ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട വിവാദ വ്യവസായി രംഗത്തുവന്നതോടെ ബി ജെ പി നേതൃത്വം പ്രതിസന്ധിയിലായി. രാജ്യത്തെ വന്‍ സാമ്പത്തിക തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നുവെന്ന മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു വേണ്ടിയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ താന്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ തടയുകയായിരുന്നുവെന്നും മല്യ ആരോപിച്ചു. പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ 9,000 കോടി രൂപ വായ്പ എടുത്തു മുങ്ങിയ വിവാദ വ്യവസായി മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. ഇവിടെ നിന്നും മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കുന്നതില്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണയ്ക്കു ശേഷം പുറത്തെത്തിയപ്പോഴാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
എന്നാല്‍, മല്യയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് അരുണ്‍ ജെയ്റ്റലി രംഗത്തെത്തി. മല്യയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിശദീകരണക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 2014 മുതല്‍ ഒരിക്കല്‍ പോലും മല്യയ്ക്ക് താനുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യസഭാംഗമായിരുന്ന സമയത്ത് മല്യ ഇടയ്ക്കിടെ സഭയില്‍ വരുമായിരുന്നു. ഇതിനിടയില്‍ ഒരു ദിവസം സഭയില്‍ നിന്ന് മുറിയിലേക്ക് മടങ്ങുംവഴി അടുത്തെത്തി ബാങ്കുകളുമായി ധാരണയിലെത്താന്‍ തയാറാണെന്നു പറഞ്ഞിരുന്നുവെന്ന് ജെയ്റ്റലി പറഞ്ഞു. എന്നാല്‍ ഈ കാര്യം തന്നോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും ബാങ്കുകളുമായാണ് ധാരണയിലെത്തേണ്ടതെന്നും പറഞ്ഞതായി മറുപടി നല്‍കിയെന്നും ജെയ്റ്റലി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പക്ഷെ, ജെയ്റ്റ്‌ലി അടക്കമുള്ള ബി ജെ പി നേതൃത്വവുമായി മല്യ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നത് ഉന്നതവൃത്തങ്ങള്‍ക്കെല്ലാം അറിവുള്ളതാണ്. വിജയ് മല്യ ഒരുക്കിയ വിരുന്നില്‍ നേരത്തെ ജെയ്റ്റ്‌ലി പങ്കെടുത്തിരുന്നുവെന്നതും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ബി ജെ പി കേന്ദ്ര നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.