കാഫിർ പോസ്റ്റ്; അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ; അത് പരിശോധിച്ചശേഷം എന്താണെന്ന് നോക്കാം: മുഖ്യമന്ത്രി

വടകരയിലെ ‘കാഫിര്‍’ പോസ്റ്റിനു പിന്നില്‍ ഇടത് ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു ഗ്രൂപ്പുകള്‍ പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് പൊലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ കണ്ടു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അത് പരിശോധിച്ചശേഷം എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കാഫിർ പ്രയോഗത്തിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരേ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും പൊതുസമൂഹം ഇത് തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു . തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.സി. ഷൈജു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കാലയളവിൽ വടകര പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് നടത്തിയതെന്ന് ഷൈജു ആരോപിച്ചു.

14-Aug-2024