കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പോലും കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകൾ ലംഘിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു.

കേരളത്തിൽ ഒരുകാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ദേശീയപാത വികസന പദ്ധതികൾ ഇടത് സർക്കാരിന്റെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിക്കപ്പെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയപാത വികസനത്തിനായി ഒരു സംസ്ഥാന സർക്കാർ തന്നെ വലിയ തോതിൽ സാമ്പത്തിക സഹായം നൽകുന്ന അപൂർവ സാഹചര്യം കേരളത്തിലാണ് ഉണ്ടായതെന്നും, ഭൂമി ഏറ്റെടുക്കലിനായി മാത്രം സംസ്ഥാനം 5600 കോടി രൂപ ചെലവഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ നോഡൽ ഏജൻസിയായി പൊതുമരാമത്ത് വകുപ്പ് പ്രവർത്തിക്കുമ്പോഴും, അതിന്റെ ഉത്തരവാദിത്തമുള്ള മന്ത്രിയെ ചടങ്ങിൽ നിന്ന് ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനെ ക്ഷണിക്കുന്നുണ്ടെങ്കിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും ക്ഷണിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഇത് വ്യക്തിപരമായ പരിഭവമല്ലെന്നും, കേരളത്തിന്റെ അവകാശത്തെയും സംസ്ഥാനത്തെയും അപമാനിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പോലും കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പദ്ധതിയാണിത്. അദ്ദേഹം പോലും പങ്കെടുക്കാത്ത ചടങ്ങിലാണ് പ്രധാനമന്ത്രി ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതെന്നും, അത്തരമൊരു ചടങ്ങിൽ ജനാധിപത്യ മര്യാദകൾ പാലിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

11-Mar-2026