പാലക്കാട് വി.കെ. ശ്രീകണ്ഠൻ എംപിക്കെതിരെ ഫ്ലക്സ് പ്രതിഷേധം
അഡ്മിൻ
പാലക്കാട് കോൺഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠൻ എംപിക്കെതിരെ ഫ്ലക്സ് പ്രതിഷേധം.സേവ് കോൺഗ്രസിൻ്റെ പേരിൽ കോട്ടമൈതാനത്താണ് ഫ്ലക്സ് സ്ഥാപിച്ചത്. ഭാര്യയ്ക്ക് എംഎൽഎ സീറ്റ് ലഭിക്കുന്നതിനായി ബിജെപിയുമായി മലമ്പുഴയിൽ അന്തർധാര നടത്തിയെന്ന് ഫ്ലക്സിൽ പറയുന്നു.
ഇന്ന് പുലർച്ചെയാണ് സ്വന്തം ഭാര്യയ്ക്ക് എംഎൽഎ സീറ്റ് ലഭിക്കുന്നതിനായി ബിജെപിയുമായി വി.കെ. ശ്രീകണ്ഠൻ മലമ്പുഴ സീറ്റ് അന്തർധാര നടത്തിയെന്ന തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മലമ്പുഴയിൽ എ. സുരേഷിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.
തിരിച്ച് ശ്രീകണ്ഠൻ്റെ ഭാര്യ മത്സരിക്കുന്ന കോങ്ങാട് യുഡിഎഫിനെ ബിജെപി സഹായിക്കുമെന്നും ആരോപണമുണ്ട്.മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പിഎ സുരേഷിനെ മത്സരിപ്പിക്കാൻ വേണ്ടി തീരുമാനിച്ചത് വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഇടപെടലിൻ്റെ ഭാഗമാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.