78-ാം സ്വാതന്ത്ര്യദിനം; മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് സംസ്ഥാനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ജാതിയേയും വര്‍ഗ്ഗീയതയേയും ചിലര്‍ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പ്രദേശങ്ങള്‍ക്കും ഭരണനിര്‍വഹണത്തില്‍ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും വിഭവങ്ങളുടെ മേല്‍ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും കേന്ദ്ര അവഗണന പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

15-Aug-2024