ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ പുറത്തുവിടാൻ സർക്കാർ

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ സർക്കാർ തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ പുറത്തുവിടാനാണ് തീരുമാനം. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരായ ഹർജി തള്ളിയ സാഹചര്യത്തിലാണ് നടപടി.

നിർമാതാവ് സജിമോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. എന്നാൽ റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ റിപ്പോർട്ടിൻറെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.

15-Aug-2024