രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കോടതി കൊല്ലത്ത്
അഡ്മിൻ
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമം അനുസരിച്ച് രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. വെള്ളിയാഴ്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് ഡിജിറ്റല്‍ കോടതി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ തര്‍ക്ക പരിഹാര കോടതിയുടെയും ഹൈക്കോടതിയിലെ മാതൃകാ ഡിജിറ്റല്‍ കോടതി സംവിധാനത്തിന്റെയും ഉദ്ഘാടനം ചീഫ് ജസ്റ്റിസ് നിര്‍വ്വഹിക്കും. വൈകീട്ട് മൂന്നേമുക്കാലിന് ഹൈക്കോടതി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.
ചെക്ക് ഉള്‍പ്പടെയുള്ള നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് കേസുകളില്‍ പരാതി നല്‍കുന്നതും പരിശോധിക്കുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും വക്കാലത്ത് നല്‍കുന്നതും മുതല്‍ നോട്ടീസ് അയക്കുന്നതും ഓണ്‍ലൈനാകും. അഭിഭാഷകരും കക്ഷികളും ഹാജരാകുന്നതും ഓണ്‍ലൈനിലാകും. കക്ഷികള്‍ സമയം നഷ്ടപ്പെടുത്തി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ സൗകര്യം.
ഡിജിറ്റല്‍ ഷെയറിംഗ് സംവിധാനം വഴിയാണ് സമന്‍സ് അയക്കുന്നതും പരാതിയുടെ പകര്‍പ്പ് എതിര് കക്ഷികള്‍ക്ക് കൈമാറുന്നതും. ഇതിനായി തപാല്‍ വകുപ്പിന്റെ ഇ പോസ്റ്റുമായും സംസ്ഥാന പൊലീസിന്റെ ഇ കോപ്സുമായും ധാരണയുണ്ടാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഡിജിറ്റല്‍ ആയി പൂര്‍ത്തിയാക്കും.