താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചത് പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക്
അഡ്മിൻ
അഫ്ഗാനിസ്ഥാനിൽ മൂന്ന് വര്‍ഷത്തിനിടെ താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചത് പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്. 12 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.
2021 ആഗസ്റ്റ് 15ന് രാജ്യത്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസിന് മുകളിലേക്കുള്ള വിദ്യാഭ്യാസത്തിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. താലിബാന്‍ ഭരണത്തിന് മുന്‍പേ ഇസ്ലാമിക നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 25 ലക്ഷം വിദ്യാര്‍ത്ഥിനികള്‍ക്കാണ് രാജ്യത്ത് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ എണ്ണത്തിന്റെ എണ്‍പത് ശതമാനമാണിത്.
2021ന് ശേഷം സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികളുടെ എണ്ണം പകുതിയായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2021ന് ശേഷം പ്രാഥമിക വിദ്യാഭ്യാസത്തിനെത്തുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കണക്കില്‍ പതിനൊന്ന് ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവണത രാജ്യത്ത് ബാലവേല, ബാലവിവാഹം എന്നിവയ്ക്ക് കാരണമാകുമെന്നും യുനെസ്‌കോ വ്യക്തമാക്കി.
2022ല്‍ പ്രാഥമിക വിദ്യാഭ്യാസത്തിനെത്തിയ ആകെ വിദ്യാര്‍ഥികളുടെ എണ്ണം 57 ലക്ഷമാണ്. 2019ല്‍ ഇത് 68 ലക്ഷമായിരുന്നു. ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപികമാരെ നിയോഗിക്കുന്നത് വിലക്കിയതോടെ അധ്യാപകരുടെ എണ്ണത്തില്‍ കുറവുണ്ടായി. നിലവിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ കുട്ടികളെ പഠനത്തിനയയ്ക്കാന്‍ കുടുംബങ്ങള്‍ക്കുണ്ടാകുന്ന താത്പര്യക്കുറവും പ്രാഥമിക വിദ്യാഭ്യാസം ഒഴിവാക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.