ഇടുക്കിയിലെ കോണ്‍ഗ്രസ് – ലീഗ് തമ്മിലടിയില്‍ നയം വ്യക്തമാക്കി മുസ്ലീം ലീഗ്. പ്രശ്‌നങ്ങള്‍ വഷളാക്കിയ ഡിസിസി പ്രസിഡന്റിനൊപ്പം ഇനി വേദി പങ്കിടില്ലെന്നാണ് ലീഗ് നിലപാട്. അതേസമയം യുഡിഎഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
അനുകൂല സാഹചര്യമുണ്ടാക്കിയിട്ടും തൊടുപുഴ നഗരസഭ ഭരണം കൈവിട്ടതോടെയാണ് കോണ്‍ഗ്ര് – ലീഗ് ഭിന്നത പരസ്യ പോരിലെത്തിയത്. നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്തതോടെ, ലീഗിനകത്തും തര്‍ക്കം മുറുകി.
ഏറ്റവുമൊടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് താത്ക്കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. യുഡിഎഫുമായി തുടര്‍ന്ന് സഹകരിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും, ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാണ് ലീഗിന്റെ ആവശ്യം.
അഴിമതി ആരോപണത്തെ തുടര്‍ന്ന് സനീഷ് ജോര്‍ജ് രാജി വെച്ചതോടെ തുടങ്ങിയതാണ് തൊടുപുഴ നഗരസഭയിലെ അനിശ്ചിതാവസ്ഥ. ചെയര്‍മാന്‍ സ്ഥാനാര്‍ഥി ആരാവണം എന്നതിനെ ചൊല്ലി അവസാന നിമിഷം വരെ യുഡിഎഫില്‍ അവ്യക്തതയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നു.
ആദ്യ റൗണ്ടില്‍ ലീഗ് സ്ഥാനാര്‍ത്ഥി പുറകോട്ടു പോയതോടെ പരസ്യമായി വെല്ലുവിളിയും ഉന്തും തള്ളുമുണ്ടായി. 12 പ്രതിനിധികള്‍ ഉള്ള യുഡിഎഫില്‍ 6 കോണ്‍ഗ്രസ്, 6 മുസ്ലിം ലീഗ് എന്നായിരുന്നു സീറ്റ് നില. ഇതില്‍ അഞ്ച് ലീഗ് പ്രതിനിധികളും സിപിഎമ്മിന് വോട്ട് ചെയ്തു. ഇതോടെയാണ് ഇടത് സ്ഥാനാര്‍ഥി 14 വോട്ടുകള്‍ക്ക് വിജയിച്ചത്. കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നാണ് ലീഗിന്റെ ആരോപണം.