കൊൽക്കത്തയിൽ യുവ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
അഡ്മിൻ
കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളജിൽ 31കാരിയായ ട്രെയിനി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ആഗസ്റ്റ് ഒമ്പതിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശനിയാഴ്ച രാജ്യത്തുടനീളം ഡോക്ടർമാർ പണിമുടക്കിയിരുന്നു. സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാറിനെതിരെ സമ്മർദം ശക്തമാകുന്നതിനിടെയാണ് കോടതി സ്വമേധയ വിഷയത്തിൽ ഇടപെടുന്നത്. നിലവിൽ സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്.
ആശുപത്രിയിലെ സെമിനാർ ഹാളിലാണ് യുവ ഡോക്ടറെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന പൊലീസിന്റെ സിവിക് വളന്‍റിയർ സഞ്ജയ് റോയിയെ കസ്റ്റഡിയിലെടുത്തിരുന്നു.