ലാറ്ററല്‍ എൻട്രിവഴി നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി.ആഭ്യന്തരം, ധനകാര്യം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി സ്റ്റീല്‍ മന്ത്രാലയത്തിലേക്കാണ് നിയമനങ്ങള്‍ നടത്താൻ നീക്കം നടക്കുന്നത്.പത്ത് ജോയിന്‍റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനാണ് കേന്ദ്രതീരുമാനം.
യുപിഎസ്‌സിക്ക് പകരം ആര്‍എസ്‌എസ് വഴി ജീവനക്കാരെ നിയമിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ഇത് ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സർക്കാരിന്‍റേത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ഉന്നത തസ്തികകളില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളെ തഴയുകയാണെന്നും രാഹുല്‍ ആരോപിച്ചു.
സ്വകാര്യ മേഖലയില്‍ നിന്നുള്ള വ്യക്തിയെ സെബിയുടെ ചെയർപേഴ്സണ്‍ ആക്കിയത് ഉദാഹരണമാണെന്നും ഐഎഎസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരന്‍റിയാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.