കര്‍ണാടകയില്‍ വിണ്ടും'ഓപ്പറേഷൻ താമരക്ക്' ശ്രമമെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ വിണ്ടും'ഓപ്പറേഷൻ താമരക്ക്' ശ്രമമെന്ന് ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. എം.എല്‍.എമാർക്ക് 100 കോടി വരെയാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്നും സിദ്ധരാമയ്യ ആരോപിച്ചു.

കർണാടകത്തില്‍ ബി.ജെ.പി അധികാരം പിടിച്ചത് തന്നെ ഓപറേഷൻ താമരയിലൂടെയാണ്. ജനങ്ങളുടെ അനുഗ്രഹത്തോടെ അവർ ഒരിക്കലും അധികാരത്തിലേറിയിട്ടില്ല. 2008ലും 2019 ലും അവർ സംസ്ഥാനത്ത് ഓപറേഷൻ താമര പയറ്റി, പിൻവാതിലിലൂടെ ഭരണത്തിലേറി''- സിദ്ധരാമയ്യ പറഞ്ഞു.

'കോണ്‍ഗ്രസിന് 136 എം.എല്‍.എമാർ ഉണ്ടെന്നത് ബി.ജെ.പി ഓർക്കണം. സർക്കാരിനെ താഴെയിറക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണം പിടിക്കണമെങ്കില്‍ 60 എം.എല്‍.എമാരെയെങ്കിലും ബി.ജെ.പിക്ക് രാജിവെയ്പ്പിക്കേണ്ടി വരും. പണം കൊടുത്ത് ഞങ്ങളുടെ എം.എല്‍.എമാരെ ആരേയും ചാക്കിലാക്കാൻ സാധിക്കുമെന്ന് ബി.ജെ.പി കരുതേണ്ട'- സിദ്ധരാമയ്യ വ്യക്തമാക്കി.

ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി മാണ്ഡ്യയിലെ കോണ്‍ഗ്രസ് എം.എല്‍.എ രവികുമാര്‍ ഗൗഡ (രവി ഗണിഗ) ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലും, 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ കൊണ്ടുപോകാന്‍ ഒരു സംഘം ശ്രമിക്കുന്നതായി ഗൗഡ നേരത്തെയും ആരോപിച്ചിരുന്നു.

31-Aug-2024