മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; സ്ത്രീ ഉള്‍പ്പെടെ രണ്ട് മരണം
അഡ്മിൻ
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെയ്പ്പിലും സ്ഫോടനത്തിലുമായി സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉള്‍പ്പെടെ 10 പേര്‍ക്കാണ് പരിക്ക്. രണ്ട് പോലീസുകാരും ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറും ഇക്കൂട്ടത്തിലുണ്ട്. ഇംഫാലിലെ പടിഞ്ഞാറ് മേഖലയില്‍ ഞായറാഴ്ച കുക്കി വിഭാഗം സായുധര്‍ നടത്തിയതെന്ന് സംശയിക്കുന്ന വെടിവെയ്പ്പിലാണ് ദാരുണ സംഭവങ്ങള്‍ ഉണ്ടായത്.
ഗന്‍ബം സുര്‍ബല എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. വെടിവെയ്പ്പില്‍ ഇവരുടെ 12 വയസുള്ള മകള്‍ക്ക് വലതുകൈക്ക് വെടിവെപ്പില്‍ പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ വീടുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. നിരവധി ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അക്രമികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ജനവാസ കേന്ദ്രത്തില്‍ ബോംബുകളും വര്‍ഷിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ഏഴര വരെ അക്രമം നീണ്ടു. പ്രദേശത്ത് ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കാരണം സംഘര്ഷഫരിതമായിരുന്നു മണിപ്പൂര്‍. 2023 ലാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.