'അപരാജിത വനിതാ ശിശു ബിൽ 2024' പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ
അഡ്മിൻ
ബലാത്സംഗക്കേസുകളില്‍ പരമാവധി ശിക്ഷ ശുപാർശ ചെയ്യുന്ന ബില്‍ നിയമസഭയിൽ പാസാക്കി. 'അപരാജിത വനിതാ ശിശു ബിൽ 2024' ആണ് പാസാക്കിയത്. നിയമമന്ത്രി മോളോയ് ഘടക് ആണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബംഗാള്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച് ബലാത്സംഗം ഇരയുടെ മരണത്തില്‍ കലാശിച്ചാല്‍ വധശിക്ഷ നല്‍കാനാണ് വ്യവസ്ഥ.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.സഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമമായി മാറും. അതേസമയം ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍, ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറാകുന്നതുവരെ രാജ്ഭവന് മുന്നില്‍ കുത്തിയിരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.
ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കാനുള്ള ആലോചനയിലായിരുന്നു ബംഗാൾ സര്‍ക്കാര്‍. അടുത്ത് തന്നെ നിയമസഭ വിളിക്കുമെന്നും പത്ത് ദിവസത്തിനകം ബില്‍ പാസാക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കൊൽക്കത്തയാണ് ഏറ്റവും സുരക്ഷിത നഗരമെന്ന് അവകാശപ്പെട്ട മമത, മോദി ദേശീയ അപമാനമാണെന്നും ,അദ്ദേഹത്തോട് രാജിവയ്ക്കണമെന്ന് അവശ്യപ്പെടാനും പറഞ്ഞു. ബിൽ നിയമമാകുന്ന മുറയ്ക്ക് സംസ്ഥാന പോലീസിൻ്റെ പ്രത്യേക യൂണിറ്റായ ‘അപരാജിത ടാസ്ക് ഫോഴ്സ്’ രൂപീകരിക്കുമെന്നും മമത പറഞ്ഞു.