രാജ്യത്ത് ഗുരുതരമായ രീതിയില്‍ അസമത്വം വര്‍ധിക്കുന്നു
അഡ്മിൻ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്റെ ഗുരുരമായ തീവ്രത വരച്ചുകാട്ടി ഐക്യരാഷ്ട്രസഭാ വികസന പരിപാടി രേഖയിലുള്ള മനുഷ്യവികസന സൂചിക. 27 വര്‍ഷത്തിനിടെ ഇന്ത്യ 'കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റി'യെങ്കിലും രാജ്യത്ത് ഇപ്പോഴും അസമത്വം നിലനില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ യു എന്‍ ഡി പി റിപ്പോര്‍ട്ട്. 189 രാജ്യങ്ങളുള്‍പ്പെട്ട മനുഷ്യവികസന സൂചികയില്‍ (എച്ച്.ഡി.ഐ.) 130ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
1990 മുതല്‍ 2017 വരെയുള്ള 27 വര്‍ഷംകൊണ്ട്, ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.427പോയന്റില്‍ നിന്ന് 0.640പോയന്റിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആളോഹരി ദേശീയവരുമാനത്തില്‍ ഇക്കാലയളവില്‍ വന്‍കുതിച്ചുകയറ്റമുണ്ടായി. ഏതാണ്ട് 226 ശതമാനം വര്‍ധനയാണ് ഇക്കാലത്തുണ്ടായത്. എന്നാല്‍, വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കുമുള്ള സൗകര്യം, വരുമാനം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഇപ്പോഴും പ്രകടമായ അസമത്വം നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അസമത്വത്തിന്റെ തോത് കണക്കിലെടുത്താല്‍ 27 വര്‍ഷത്തിനിടെ ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.468 പോയന്റ് ആയി കുറഞ്ഞു. അതായത്, 26.8 ശതമാനം നിലവാരത്തകര്‍ച്ച. മറ്റു ലോകരാഷ്ട്രങ്ങളുടെ ശരാശരിയെക്കാള്‍ ഏറെ മോശമാണിത്. ആഗോളതലത്തില്‍ സ്ത്രീകളുടെ എച്ച്.ഡി.ഐ. നിലവാരം പുരുഷന്മാരുടേതിനെക്കാള് ആറുശതമാനം താഴെയാണ്. പലരാജ്യങ്ങളിലും വിദ്യാഭ്യാസത്തിലും വരുമാനത്തിലും സ്ത്രീകള്‍ പുരുഷന്മാര്ക്ക് പിന്നിലാണ് എന്നതാണ് കാരണം. പ്രത്യുത്പാദന ആരോഗ്യം, രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ശാക്തീകരണം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ ലിംഗാസമത്വം പ്രതിഫലിപ്പിക്കുംവിധം ലിംഗാസമത്വ സൂചികയിലെ 160 രാജ്യങ്ങളില്‍ 127ാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ 11.6 ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. രാജ്യത്തെ 39 ശതമാനം സ്ത്രീകള്‍ക്കുമാത്രമാണ് സെക്കന്‍ഡറി തലംവരെയുള്ള വിദ്യാഭ്യാസമെങ്കിലും സാധ്യമാകുന്നത്. എന്നാല്‍, സെക്കന്‍ഡറി വിദ്യാഭ്യാസം നേടുന്ന പുരുഷന്മാര് 64 ശതമാനമാണ്. തൊഴിലിടങ്ങളിലാണ് ഇന്ത്യയില്‍ സ്ത്രീപുരുഷ അന്തരം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. 27.2 ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ക്കേ തൊഴില്‍ കണ്ടെത്താനാവുന്നുള്ളൂ. പുരുഷന്മാരില് 78.8 ശതമാനം തൊഴില്‍ ചെയ്യുന്നവരാണ്. ആഗോളതലത്തില്‍ സ്ത്രീത്തൊഴിലാളികള്‍ 49 ശതമാനവും പുരുഷ തൊഴിലാളികള്‍ 75 ശതമാനവുമായിരിക്കുമ്പോഴാണ് ഇന്ത്യയില്‍ ഈ അന്തരം. 0.95 പോയന്റുമായി നോര്‍വേയാണ് മനുഷ്യവിഭവ സൂചികയില്‍ ഒന്നാം സ്ഥാനത്ത്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജറാണ് ഏറ്റവും അവസാനസ്ഥാനത്ത്. 0.35 പോയന്റാണ് നൈജറിന് ലഭിച്ചത്. അയര്‍ലന്‍ഡും തുര്‍ക്കിയുമാണ് അഞ്ചുവര്‍ഷത്തിനിടെ എച്ച്.ഡി.ഐ.യില്‍ സ്ഥാനം മെച്ചപ്പെടുത്തിയത്. യുദ്ധം കലുഷമാക്കിയ രാജ്യങ്ങളായ സിറിയ, ലിബിയ, യെമെന്‍ എന്നിവ പിന്നാക്കം പോവുകയും ചെയ്തു. മൂന്ന് അടിസ്ഥാനഘടകങ്ങളിലെ പുരോഗതിയാണ് എച്ച്.ഡി.ഐ. തയ്യാറാക്കാന്‍ യു.എന്‍.ഡി.പി. പരിഗണിക്കുന്നത്. 1) ആളോഹരി ദേശീയവരുമാനം, 2) ആയുര്‍ദൈര്‍ഘ്യം അടിസ്ഥാനമാക്കിയുള്ള ആരോഗ്യം, 3) പ്രായപൂര്‍ത്തിയായവരുടെ വിദ്യാഭ്യാസവും. ഇതിലെല്ലാം രാജ്യം പിറകിലേക്ക് പോകുന്നുവെന്ന് ഐക്യരാഷ്ട്ര സഭതന്നെ വെളിപ്പെടുത്തുമ്പോഴാണ് മുദ്രാവാക്യങ്ങള്‍ മാറ്റി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ കേന്ദ്രഭരണകക്ഷിയായ ബി ജെ പി ശ്രമിക്കുന്നത്.
16-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ