കെ മുരളീധരന്‍റെ പ്രസ്താവനകള്‍ യുഡിഎഫിന് തലവേദനയാകുന്നു
അഡ്മിൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ എല്‍ഡിഎഫിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍റെ പ്രസ്താവനയിൽ പാർട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നു. വി.ഡി. സതീശൻ ഉൾപ്പെടെയുളള നേതാക്കൾ യുഡിഎഫ്-ബി ജെ പി പോരാട്ടം എന്ന് പറയുമ്പോഴാണ് മണ്ഡലത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടമെന്ന് മുരളീധരൻ ആവർത്തിച്ചു പറഞ്ഞത്. ഇതാണ് പാർട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ അതൃപ്തിക്ക് കാരണമായത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് കെ. മുരളീധരൻ എത്തിയത് യുഡിഎഫ് ക്യാമ്പിന് ആശ്വാസമായെങ്കിലും അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുരളീധരന്‍റെ പ്രസ്താവന വി.ഡി. സതീശൻ ഇന്നലെ തന്നെ തള്ളി പറഞ്ഞിരുന്നു. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നാണ് വി.ഡി. സതീശൻ ആവർത്തിച്ചു. എന്നാൽ മുരളീധരന്‍റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം എ.കെ. ബാലൻ രംഗത്ത് വന്നു. മുരളീധരന്‍ സിപിഎം വിരുദ്ധനല്ല, ബിജെപി വിരുദ്ധനാണെന്നായിരുന്നു എ.കെ. ബാലന്‍റെ പ്രസ്താവന.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തി ജയിച്ച മണ്ഡലത്തിൽ, എല്‍ഡിഎഫ് മുഖ്യ എതിരാളിയാണെന്ന് പറയുന്നത് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മുരളീധരന്റെ പ്രസ്താവന ബിജെപിക്കെതിരായ വോട്ടുകൾ കിട്ടുന്നതിനെ ബാധിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ബിജെപിയുമായാണ് മത്സരമെന്ന് യുഡിഎഫ് ആവർത്തിക്കുന്നത്.
അതേസമയം, മുരളീധരനെ അനുകൂലിക്കുന്നവർ പറയുന്നത് പ്രസ്താവന ഗുണം ചെയ്യുമെന്നാണ്. യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടം എന്ന് പറയുന്നതോടെ ബിജെപിയ്ക്ക് ലഭിക്കുന്ന പ്രാധാന്യം കുറയുമെന്നാണ് ഇവരുടെ വാദം. എന്നാൽ ഇതിനോട് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും യോജിക്കുന്നില്ല. വരും ദിവസങ്ങളിലും മുരളീധരൻ സമാന വാദം ആവർത്തിച്ചാൽ യുഡിഎഫ് കൂടുതല്‍ പ്രതിസന്ധിയിലാകും.