സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി സാമൂഹ്യ പ്രവർത്തക

വഖഫ് വിരുദ്ധ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ വീണ്ടും പരാതി. സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയാണ് ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്. വഖഫ് ബോർഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പരാതി. കേന്ദ്രമന്ത്രി കലാപ ലക്ഷ്യത്തോടെ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

മുനമ്പം വിഷയത്തിൽ വർഗീയ പ്രചരണം നടത്തിയതിൽ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇതോടൊപ്പം മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിലും സുരേഷ് ഗോപിക്കെതിരെ പ്രതിഷേധമുണ്ട്. കേരള പത്രപ്രവർത്തക യൂണിയനാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

കഴിഞ്ഞ ദിവസമാണ് വഖഫ് പരാമർശത്തിൽ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയത്. 24 ന്യൂസ് ചാനലിലെ മാധ്യമ പ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെതിനെയാണ് ഒറ്റയ്ക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയത്.

ഒരു സ്വകാര്യ പരിപാടിയിൽ ഉദ്ഘാടകനായാണ് തിരുവനന്തപുരത്ത് സുരേഷ് ​ഗോപിയെത്തിയത്. ഇതിനിടെയാണ് മുനമ്പം വഖഫ് പരാമർശത്തിൽ അലക്സ് പ്രതികരണം ആരാഞ്ഞത്. അപ്പോൾ ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞു മാറിയെങ്കിലും, പിന്നീട് മാധ്യമ പ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ശകാരിക്കുകയായിരുന്നു.

12-Nov-2024