ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് പത്രസമ്മേളനം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ പി.വി. അന്‍വറിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അൻവറിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയത്.
ഒരു തെരഞ്ഞെടുപ്പ് ചട്ട ലംഘനവും നടത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ട് തന്നെയാണ് പത്രസമ്മേളനം വിളിച്ചതെന്നുമായിരുന്നു അൻവർ നൽകിയ വിശദീകരണം. തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ വായിച്ചിട്ട് തന്നെയാണ് വന്നത്. ഡിഎംകെയുടെ പ്രവർത്തകർ ഇന്നും വീടുകൾ കയറി നോട്ടീസ് നൽകുന്നുണ്ട്. അത് ചട്ടലംഘനം അല്ലെന്നും അൻവർ പറഞ്ഞിരുന്നു.
അൻവറിൻ്റെ വാർത്ത സമ്മേളനത്തിനിടയിൽ തെരഞ്ഞടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. സമ്മേളനം നിർത്തിവെക്കണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥർ ഉന്നയിച്ചത്. വാർത്താസമ്മേളനത്തിൽ നിന്നും അൻവർ പിന്മാറാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി മടങ്ങുകയാണ് ഉണ്ടായത്.