ഇപിയുടെ ആത്മകഥ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചന: പി സരിൻ

ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നിൽ ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ. രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇപി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നത്. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വിഡി സതീശൻ കൂടെ നിന്നുവെന്നും പി സരിൻ ആരോപിച്ചു.

പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇപി ജയരാജന്റെ ആത്മകഥ. പക്ഷേ പാലക്കാട്ടെ വോട്ടർമാരെ ഇതൊന്നും ബാധിക്കില്ലെന്ന് പി സരിൻ പ്രതികരിച്ചു. പാലക്കാട് 15,000 മുകളിൽ വോട്ടുകൾക്ക് എൽഡിഎഫ് വിജയിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്നും പി സരിൻ പറഞ്ഞു.

വിഡി സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല. വിഡി സതീശൻ ഭൂരിപക്ഷം വായുവിൽ കൂട്ടുന്നു. 24ന് സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിഡി സതീശന്റെ വിടവാങ്ങൽ പ്രതീക്ഷിക്കാമെന്നും സരിൻ പറഞ്ഞു. അതേസമയം സരിനായി വോട്ട് തേടാൻ ഇ പി ജയരാജന്‍ പാലക്കാടേക്ക് പുറപ്പെട്ടു.

ആരെന്ത് ശ്രമിച്ചാലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇപി ജയരാജന്‍ സംസാരിക്കും. വൈകിട്ട് 5 മണിക്കാണ് പൊതുസമ്മേളനം.

14-Nov-2024